
ബ്രിട്ടന്റെ പ്രതിരോധ വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി വിദേശ കമ്പനികളുമായുള്ള പ്രതിരോധ കരാറുകളിൽ പുതിയ നിബന്ധനകൾ പ്രഖ്യാപിച്ച് സർക്കാർ. വിദേശ കമ്പനികൾക്ക് വലിയ പ്രതിരോധ കരാറുകൾ നൽകുമ്പോൾ അതിന് തുല്യമായ സാമ്പത്തിക നേട്ടം ബ്രിട്ടനിൽ ഉറപ്പാക്കണമെന്നാണ് പുതിയ നയത്തിന്റെ പ്രധാന വ്യവസ്ഥ. 50 മില്യൺ പൗണ്ടിന് മുകളിലുള്ള വിദേശ പ്രതിരോധ കരാറുകളാണ് പുതിയ നയത്തിന്റെ പരിധിയിൽ വരുന്നത്. പുതിയ നിയമപ്രകാരം വിദേശ കമ്പനികൾ ബ്രിട്ടനിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. പരിശീലന പദ്ധതികളും അപ്രന്റീസ്ഷിപ്പ് അവസരങ്ങളും ഒരുക്കേണ്ടിവരും. രാജ്യത്തിനകത്ത് പുതിയ ഫാക്ടറികൾ ആരംഭിക്കുന്നതിനും നിലവിലുള്ള വ്യവസായ സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിനും കമ്പനികൾക്ക് അവസരം നൽകേണ്ടിവരും. ബ്രിട്ടീഷ് ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് വിദേശ കമ്പനികളുടെ വിതരണ ശൃംഖലയിൽ പങ്കാളികളാകാനും ഇതിലൂടെ സാധിക്കും. സാങ്കേതികവിദ്യയും വ്യവസായ പരിജ്ഞാനവും ബ്രിട്ടീഷ് കമ്പനികളിലേക്ക് കൈമാറുന്നതും പുതിയ നയത്തിന്റെ ഭാഗമാണ്. നൂറ് മില്യൺ പൗണ്ടിന്റെ പ്രതിരോധ കരാർ ഒരു വിദേശ കമ്പനിക്ക് ലഭിച്ചാൽ അതിന് തുല്യമായ മൂല്യത്തിലുള്ള തൊഴിലവസരങ്ങളോ നിക്ഷേപങ്ങളോ പരിശീലന പദ്ധതികളോ ബ്രിട്ടനിൽ സൃഷ്ടിക്കേണ്ടിവരാം. പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്റെ സർക്കാരിന്റെ 'ബാക്ക് ബ്രിട്ടീഷ്' നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഒക്ടോബർ 30-ന് ഗ്ലാസ്ഗോയിലെ BAE Systems Scotstoun സന്ദർശനത്തിനിടെയാണ് ധനമന്ത്രിയും പ്രതിരോധമന്ത്രിയും നയം പ്രഖ്യാപിച്ചത്. 2016 മുതൽ വിദേശ പ്രതിരോധ കരാറുകൾക്കും സേവനങ്ങൾക്കുമായി 35.2 ബില്യൺ പൗണ്ടിലധികം ചെലവഴിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ മേഖലയിലെ ചെലവ് രാജ്യത്തിനകത്തെ വ്യവസായ വളർച്ചയ്ക്ക് കൂടുതൽ പ്രയോജനപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. സ്കോട്ട്ലൻഡിലെ പ്രതിരോധ വ്യവസായ മേഖലയിൽ മാത്രം ഏകദേശം 2.5 ബില്യൺ പൗണ്ടിന്റെ സാമ്പത്തിക പ്രവർത്തനവും 12,200 നേരിട്ടുള്ള തൊഴിലവസരങ്ങളുമുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. പുതിയ നയം 2027 ഏപ്രിൽ മുതൽ തിരഞ്ഞെടുത്ത പ്രതിരോധ സംഭരണ കരാറുകളിൽ നടപ്പാക്കും. ഇതിലൂടെ ബ്രിട്ടീഷ് വ്യവസായങ്ങൾക്കും തൊഴിലാളികൾക്കും കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
















© Copyright 2025. All Rights Reserved