
ബ്രിട്ടീഷ് ജനാധിപത്യത്തിന്റെ ചരിത്രപ്രധാന കേന്ദ്രമായ വെസ്റ്റ്മിൻസ്റ്റർ പാർലമെന്റ് മന്ദിരം ഗുരുതരമായ സുരക്ഷാ ഭീഷണി നേരിടുന്നതായി പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മുന്നറിയിപ്പ് നൽകി. കെട്ടിടത്തിന്റെ സമഗ്രമായ നവീകരണ പ്രവർത്തനങ്ങൾ വൈകുന്നത് വലിയ ദുരന്തത്തിന് വഴിവെക്കാമെന്നാണ് എംപിമാരുടെ മുന്നറിയിപ്പ്. തീപിടിത്തമോ മറ്റ് വലിയ അപകടങ്ങളോ സംഭവിക്കാനുള്ള സാധ്യത വർധിച്ചുവരുന്നതായി പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ ചരിത്രമന്ദിരത്തിന് വർഷങ്ങളായി അറ്റകുറ്റപ്പണികൾ ആവശ്യമാണ്. കെട്ടിടത്തിന്റെ മേൽക്കൂരകളിൽ ചോർച്ചയും പൈപ്പുകളിൽ തകരാറുകളും ചുവരുകളിൽ വിള്ളലുകളും കണ്ടെത്തിയിട്ടുണ്ട്. കാലപ്പഴക്കം ചെന്ന വൈദ്യുത സംവിധാനങ്ങളും സുരക്ഷാ ആശങ്ക വർധിപ്പിക്കുന്നതായി റിപ്പോർട്ട് പറയുന്നു. തീപിടിത്ത സാധ്യത കണക്കിലെടുത്ത് കെട്ടിടത്തിൽ മുഴുവൻ സമയ അഗ്നിസുരക്ഷാ നിരീക്ഷണം നടത്തേണ്ട സാഹചര്യമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമായി ആഴ്ചയിൽ ഏകദേശം 15 ലക്ഷം പൗണ്ട് ചെലവാകുന്നുണ്ട്. ഈ ചെലവ് സമീപഭാവിയിൽ ആഴ്ചയിൽ 20 ലക്ഷം പൗണ്ടായി ഉയരാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. നവീകരണ പദ്ധതി ഓരോ വർഷവും വൈകുമ്പോൾ ആകെ ചെലവിൽ ഏകദേശം 42 കോടി പൗണ്ടിന്റെ വർധനയുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. പാർലമെന്റ് അംഗങ്ങളെ താൽക്കാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി നവീകരിക്കുന്ന പദ്ധതിക്ക് ഏകദേശം 1560 കോടി പൗണ്ട് ചെലവാകാമെന്നാണ് ഒരു കണക്ക്. പാർലമെന്റിന്റെ പ്രവർത്തനം തുടരുന്നതിനിടെ ഘട്ടംഘട്ടമായി നവീകരിക്കുന്ന പദ്ധതിക്ക് 3920 കോടി പൗണ്ട് വരെ ചെലവാകാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. നവീകരണ പദ്ധതിയുടെ ഭാവി സംബന്ധിച്ച് രാഷ്ട്രീയതലത്തിൽ തീരുമാനമെടുക്കുന്നതിലെ കാലതാമസമാണ് പ്രധാന പ്രതിസന്ധിയെന്ന് സമിതി കുറ്റപ്പെടുത്തി. പദ്ധതിയുടെ ചെലവും സമയക്രമവും സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തണമെന്നും പാർലമെന്ററി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2030-നകം പ്രധാന നവീകരണ പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് എത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. നവീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക പാർലമെന്ററി സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പാർലമെന്റിനുള്ളിലെ നിലവിലെ സുരക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണെന്നും റിപ്പോർട്ടിലെ നിരീക്ഷണങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പാർലമെന്റ് അധികൃതർ അറിയിച്ചു. ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിന്റെ സുരക്ഷയും ഭാവി തലമുറകൾക്കായുള്ള സംരക്ഷണവും ഉറപ്പാക്കാൻ അടിയന്തര തീരുമാനങ്ങൾ ആവശ്യമാണെന്നാണ് സമിതിയുടെ മുന്നറിയിപ്പ്.
















© Copyright 2025. All Rights Reserved