സ്ട്രോക്ക് രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല; വെളിപ്പെടുത്തലുമായി പുതിയ ആരോഗ്യ റിപ്പോർട്ട്

09/11/26
Stroke patient receiving rehabilitation and physiotherapy treatment

ബ്രിട്ടനിലെ സ്ട്രോക്ക് രോഗികളുടെ തുടർചികിത്സാ സംവിധാനത്തിൽ ഗുരുതരമായ പോരായ്മകളുണ്ടെന്ന് വെളിപ്പെടുത്തി പുതിയ ആരോഗ്യ റിപ്പോർട്ട്. സ്ട്രോക്ക് ബാധിച്ച രോഗികളിൽ വെറും 6.4 ശതമാനം പേർക്ക് മാത്രമാണ് നിർദേശിക്കപ്പെട്ട പുനരധിവാസ ചികിത്സ ലഭിക്കുന്നതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം തയ്യാറാക്കിയത്. സെന്റിനൽ സ്ട്രോക്ക് നാഷണൽ ഓഡിറ്റ് പ്രോഗ്രാമിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകൾ പുറത്തുവന്നത്. സ്ട്രോക്ക് ബാധിച്ച രോഗികൾക്ക് ദിവസേന കുറഞ്ഞത് മൂന്ന് മണിക്കൂർ വീതം ചികിത്സ നൽകണമെന്നാണ് ആരോഗ്യ മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നത്. ആഴ്ചയിൽ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും ഈ ചികിത്സ തുടരണമെന്നും നിർദേശമുണ്ട്. എന്നാൽ ഈ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നത് വളരെ കുറച്ച് രോഗികളിൽ മാത്രമാണ്. 2024-ലെ അവസാന മൂന്ന് മാസങ്ങളിൽ 7.5 ശതമാനം രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭിച്ചിരുന്നു. എന്നാൽ 2026 ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം ഇത് 6.4 ശതമാനമായി കുറഞ്ഞു. രോഗികൾക്ക് ലഭിച്ച ശരാശരി പുനരധിവാസ ചികിത്സാസമയം വെറും 40 മിനിറ്റാണ്. ചില രോഗികൾക്ക് ലഭിച്ചത് 15.2 മിനിറ്റ് ചികിത്സ മാത്രമാണ്. പരമാവധി ലഭിച്ച ചികിത്സാസമയം പോലും 57.3 മിനിറ്റായിരുന്നു. ഫിസിയോതെറാപ്പി, സംസാരശേഷി വീണ്ടെടുക്കുന്നതിനുള്ള ചികിത്സ, ദൈനംദിന പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ഒക്ക്യുപേഷണൽ തെറാപ്പി എന്നിവയാണ് സ്ട്രോക്ക് രോഗികൾക്ക് പ്രധാനമായും ആവശ്യമായത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷം തുടർചികിത്സയും പുനരധിവാസ സഹായവും ലഭിക്കുന്നത് രോഗികളിൽ 68 ശതമാനം പേർക്ക് മാത്രമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിവർഷം ബ്രിട്ടനിൽ ഏകദേശം ഒരു ലക്ഷം പേർക്ക് സ്ട്രോക്ക് സംഭവിക്കുന്നതായാണ് കണക്ക്. ജനസംഖ്യയുടെ പ്രായവർധനയും ഉയർന്ന രക്തസമ്മർദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ വ്യാപനവും കാരണം 2030-ഓടെ ഈ എണ്ണം 1,15,483 ആയി ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സ്ട്രോക്ക് മൂലമുള്ള ആരോഗ്യ, സാമൂഹിക, സാമ്പത്തിക ചെലവുകൾ പ്രതിവർഷം 25.7 ബില്യൺ പൗണ്ടാണെന്നാണ് സ്റ്റ്രോക്ക് അസോസിയേഷന്റെ വിലയിരുത്തൽ. ഇതിൽ 13.7 ബില്യൺ പൗണ്ട് സാമൂഹിക പരിചരണത്തിനും 6.7 ബില്യൺ പൗണ്ട് മറ്റ് സാമൂഹിക സാമ്പത്തിക നഷ്ടങ്ങൾക്കുമാണ് കണക്കാക്കുന്നത്. രോഗികൾക്ക് അടിയന്തര ചികിത്സ നൽകുന്നതിനൊപ്പം ദീർഘകാല പുനരധിവാസത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്ന് സ്റ്റ്രോക്ക് അസോസിയേഷൻ ആവശ്യപ്പെട്ടു. ആരോഗ്യസംവിധാനത്തിലെ ഈ പോരായ്മ പരിഹരിക്കാൻ എൻഎച്ച്എസ് കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu