
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭഭായ് പട്ടേലിന്റെ 151-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് രാജ്യവ്യാപകമായി ദേശീയ ഏകതാ ദിനം ആചരിക്കുന്നു. ഗുജറാത്തിലെ നർമദാ ജില്ലയിലെ ഏകതാ നഗറിലുള്ള സ്റ്റാച്യു ഓഫ് യൂണിറ്റിയാണ് പ്രധാന ആഘോഷവേദി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടക്കുന്ന ദേശീയ ഏകതാ ദിനാഘോഷങ്ങളിൽ പങ്കെടുക്കും. സർദാർ പട്ടേലിന്റെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തുന്നതോടെയാണ് പ്രധാന ചടങ്ങുകൾക്ക് തുടക്കമാകുന്നത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തുന്നതിനായി പട്ടേൽ നൽകിയ സംഭാവനകളെ രാജ്യം ഈ ദിനത്തിൽ അനുസ്മരിക്കുന്നു. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിൽ പട്ടേൽ നിർണായക പങ്കുവഹിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് സേനകളും കേന്ദ്ര സായുധ പോലീസ് സേനകളും ആഘോഷങ്ങളുടെ ഭാഗമാകും. ബി.എസ്.എഫ്., സി.ആർ.പി.എഫ്., സി.ഐ.എസ്.എഫ്., ഐ.ടി.ബി.പി., എസ്.എസ്.ബി. എന്നീ സേനകളുടെ പ്രത്യേക സംഘങ്ങൾ പരേഡിൽ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് വിഭാഗങ്ങളും പരേഡിൽ അണിനിരക്കും. സേനകളുടെ അച്ചടക്കവും പ്രവർത്തനമികവും രാജ്യസുരക്ഷയ്ക്കുള്ള സംഭാവനകളും ചടങ്ങിൽ അവതരിപ്പിക്കും. ഈ വർഷത്തെ പരേഡിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ അറിയിച്ചു. സായുധ നക്സലിസത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിലെ നേട്ടങ്ങളും പരേഡിലൂടെ അവതരിപ്പിക്കും. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ 'നക്സൽ മുക്ത ഭാരത്' എന്ന വിഷയത്തിൽ പ്രത്യേക നാടകാവിഷ്കാരവും ഉണ്ടായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ഏകതയുടെയും ദേശീയ ഐക്യത്തിന്റെയും സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യം.
















© Copyright 2025. All Rights Reserved