
തമിഴ് സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ജെന്റിൽമാൻ’ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റീ-റിലീസിനോടനുബന്ധിച്ച് അണിയറ പ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തിറക്കി. ഡിസംബർ 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം വീണ്ടും പ്രദർശനത്തിനെത്തും. 1993ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധായകൻ എസ്. ശങ്കറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. ആക്ഷൻ കിങ് അർജുനാണ് ചിത്രത്തിൽ നായകനായി എത്തിയത്. പുറത്തിറങ്ങിയ കാലത്ത് തന്നെ വൻ പ്രേക്ഷകശ്രദ്ധയും ബോക്സ് ഓഫീസ് വിജയവും നേടിയ ചിത്രമാണിത്. സമ്പന്നരിൽ നിന്ന് പണം കവർന്ന് അർഹരായവർക്ക് സഹായം ചെയ്യുന്ന ഒരു മോഷ്ടാവിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള പ്രമേയവും ശക്തമായ ആക്ഷൻ രംഗങ്ങളും പ്രണയവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത് കെ.ടി. കുഞ്ഞുമോന്റെ ജെന്റിൽമാൻ ഫിലിം ഇന്റർനാഷണലാണ്. അന്നത്തെ തലമുറയെ ആവേശം കൊള്ളിച്ച ചിത്രത്തിലെ ഗാനങ്ങളും ഇന്നും സംഗീതപ്രേമികൾക്കിടയിൽ ജനപ്രിയമാണ്. എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ‘ചിക്കു ബുക്ക് റെയിലേ’ എന്ന ഗാനം ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഗാനരംഗങ്ങളിലൊന്നാണ്. ഈ ഗാനരംഗത്ത് പ്രഭുദേവയും ഗൗതമിയും ചുവടുവെച്ചിരുന്നു. മധുബാല, വിനീത്, എം.എൻ. നമ്പ്യാർ, രാജൻ പി. ദേവ്, ചരൺ രാജ്, അജയ് രത്നം, ശുഭശ്രീ, ഗൗണ്ടമണി, സെന്തിൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. തോട്ടാ ധരണിയാണ് ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചത്. വി.ടി. വിജയനും ബി. ലെനിനും ചേർന്നാണ് എഡിറ്റിങ് നിർവഹിച്ചത്. പുതിയ തലമുറയിലെ സിനിമാപ്രേമികൾക്കും പഴയകാല ആരാധകർക്കും ഒരുപോലെ മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുകയാണ് റീ-റിലീസിന്റെ ലക്ഷ്യം. അതിനായി ചിത്രത്തിന്റെ ദൃശ്യങ്ങൾ 4K അൾട്രാ എച്ച്.ഡി നിലവാരത്തിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. ശബ്ദമികവിനായി 7.1 സറൗണ്ട് സൗണ്ട് സാങ്കേതികവിദ്യയും ഒരുക്കിയിട്ടുണ്ട്. ഗ്രേസ് ഫിലിം മീഡിയയുടെ ബാനറിൽ അനിൽ കുമാറാണ് ചിത്രത്തിന്റെ വിതരണച്ചുമതല നിർവഹിക്കുന്നത്. പഴയകാല തമിഴ് സിനിമയുടെ സുവർണകാലത്തെ ഓർമകൾ വീണ്ടും വലിയ സ്ക്രീനിൽ ആസ്വദിക്കാനുള്ള അവസരമായാണ് ഈ റീ-റിലീസ് വിലയിരുത്തപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രം പുതിയ സാങ്കേതിക മികവോടെ എത്തുമ്പോൾ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
















© Copyright 2025. All Rights Reserved