
സംസ്ഥാനത്തെ പൊതുഗതാഗത മേഖലയിൽ നിർണായക മാറ്റങ്ങൾ ലക്ഷ്യമിട്ട് ആയിരം സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സിക്ക് കീഴിൽ കൊണ്ടുവരാൻ ഗതാഗത വകുപ്പ് പദ്ധതിയിടുന്നു. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനൊപ്പം കെ.എസ്.ആർ.ടി.സി സർവീസുകൾ വിപുലീകരിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗതാഗത മന്ത്രി സി.പി. ജോണിന്റെ നേതൃത്വത്തിൽ സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചകളിലാണ് പുതിയ പദ്ധതി മുന്നോട്ടുവച്ചത്. ആദ്യഘട്ടത്തിൽ ആയിരം ബസുകളാണ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. വെറ്റ് ലീസ് സംവിധാനത്തിലൂടെയായിരിക്കും സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സിയുടെ സർവീസുകളിൽ ഉൾപ്പെടുത്തുക. ഈ ബസുകൾ സാധാരണ സർവീസുകളായിട്ടായിരിക്കും ഓടുക. നിലവിലുള്ള പ്രിയദർശിനി സർവീസുകളുടെ വിഭാഗത്തിൽ ഇവയെ ഉൾപ്പെടുത്തില്ല. ദക്ഷിണ കേരളത്തിലെ വിവിധ ജില്ലകളിൽ സർവീസ് നടത്തുന്ന ആയിരം ബസുകളുടെ പട്ടിക സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ തയ്യാറാക്കിയിട്ടുണ്ട്. വാടക നിരക്കിന്റെ കാര്യത്തിൽ അന്തിമ ധാരണയായാൽ ബസുകൾ കെ.എസ്.ആർ.ടി.സിക്ക് കൈമാറും.
ഒരു കിലോമീറ്ററിന് 55 രൂപയാണ് സ്വകാര്യ ബസ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഗതാഗത വകുപ്പ് മുന്നോട്ടുവച്ചിരിക്കുന്നത് കിലോമീറ്ററിന് 50 രൂപ എന്ന നിരക്കാണ്. വാടക തുക ആഴ്ചതോറും നൽകണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. വെറ്റ് ലീസ് സംവിധാനത്തിൽ ബസുകളുടെ കണ്ടക്ടറെ നിയമിക്കുന്ന ചുമതല കെ.എസ്.ആർ.ടി.സിക്കായിരിക്കും. ഡ്രൈവറെ ഉടമയ്ക്ക് നിയമിക്കാം. ഡീസൽ ഉൾപ്പെടെയുള്ള പ്രവർത്തനച്ചെലവുകൾ ബസ് ഉടമകൾ തന്നെയാണ് വഹിക്കേണ്ടത്. പുതിയ ബസുകൾ വാങ്ങുന്നതിനുള്ള വലിയ സാമ്പത്തിക ബാധ്യത സർക്കാരിന് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. ബസുകൾ ലഭ്യമാകുന്നതോടെ കെ.എസ്.ആർ.ടി.സി നിലവിലുള്ള സർവീസുകൾ പുനഃക്രമീകരിക്കും. കോവിഡ് കാലത്തിന് മുമ്പ് നടത്തിയിരുന്നെങ്കിലും പിന്നീട് നിർത്തിവച്ച ചില സർവീസുകൾ പുനരാരംഭിക്കാനും പദ്ധതിയുണ്ട്. ദീർഘദൂര സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സിയുടെ കീഴിലെത്തിയാൽ അവ ഫാസ്റ്റ് പാസഞ്ചർ സർവീസുകളാക്കി മാറ്റാനും ആലോചനയുണ്ട്. സ്വകാര്യ ബസ് മേഖലയെയും കെ.എസ്.ആർ.ടി.സിയെയും ഒരുപോലെ സംരക്ഷിക്കുന്ന മാതൃകയാകുമെന്നാണ് ഗതാഗത വകുപ്പിന്റെ പ്രതീക്ഷ. പദ്ധതിയുടെ തുടർനടപടികൾ വാടക നിരക്കിലെ അന്തിമ തീരുമാനത്തെ ആശ്രയിച്ചിരിക്കും.
















© Copyright 2025. All Rights Reserved