
കേരളത്തിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. എസ്.ഐ.ആർ നടപടിക്കിടെ എൻയുമറേഷൻ ഫോമുകൾ സമർപ്പിക്കാൻ കഴിയാതിരുന്നവരോട് അനുഭാവപൂർവമായ സമീപനം സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശിച്ചു. അത്തരത്തിലുള്ളവർക്ക് നേരിട്ട് കമ്മീഷനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ലഭിക്കുന്ന പരാതികളും അപേക്ഷകളും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും നിർദേശമുണ്ട്. സ്വീകരിച്ച നടപടികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചിയും വി. മോഹനയും ബെഞ്ചിലുണ്ടായിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കേരളത്തിന്റെ വിഷയവും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. കേരളത്തിൽ ചിലർക്ക് എൻയുമറേഷൻ ഫോമുകൾ സമർപ്പിക്കാൻ കഴിഞ്ഞില്ലെന്ന വിഷയം അഭിഭാഷകരാണ് കോടതിയിൽ ഉന്നയിച്ചത്.
എന്നാൽ കേരളത്തിലെ എസ്.ഐ.ആർ നടപടികളുടെ സമയപരിധി വീണ്ടും നീട്ടേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. വോട്ടർപട്ടിക പരിഷ്കരണം തുടർച്ചയായ പ്രക്രിയയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേരളത്തിലെ നടപടികൾ പൂർത്തിയായെന്നും നിയമസഭാ തിരഞ്ഞെടുപ്പും നടന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. 2026 ഫെബ്രുവരി 21-നാണ് കേരളത്തിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അതേസമയം, ഉത്തർപ്രദേശിലെ എസ്.ഐ.ആർ നടപടികളിൽ ഫോം ഏഴ് ദുരുപയോഗം ചെയ്യുന്നതായുള്ള പരാതികളും കോടതി പരിഗണിച്ചു. വോട്ടർപട്ടികയിൽ പേരുള്ളവരെ നീക്കം ചെയ്യുന്നതിനായി എതിർപ്പുകൾ സമർപ്പിക്കാൻ ഉപയോഗിക്കുന്നതാണ് ഫോം ഏഴ്. രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് തല ഏജന്റുമാർ ഉൾപ്പെടെ ഈ സംവിധാനം ദുരുപയോഗം ചെയ്തെന്നാണ് ഹർജിക്കാരുടെ ആരോപണം. നിരവധി വ്യാജ അപേക്ഷകൾ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. എന്നാൽ അത്തരം അപേക്ഷകളിൽ നടപടിയെടുത്തിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ക്രമക്കേടുകളുടെ വിശദാംശങ്ങൾ കമ്മീഷന് കൈമാറാൻ ഹർജിക്കാരോട് കോടതി നിർദേശിച്ചു. പരാതികൾ പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷനോട് ആവശ്യപ്പെട്ടു. കേരളത്തിൽ വോട്ടർപട്ടികയിൽ ഉൾപ്പെടാതെ പോയവർക്ക് പരാതിയുമായി കമ്മീഷനെ സമീപിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്
















© Copyright 2025. All Rights Reserved