
അന്താരാഷ്ട്ര ക്രിക്കറ്റിൽ സിക്സറുടെ എണ്ണത്തിൽ ഗെയ്ലിനെ മറികടന്നതിന് പിന്നാലെ, തന്റെ യാത്രയിൽ യൂണിവേഴ്സൽ ബോസിൽ നിന്ന് ഏറെ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഡൽഹിയിൽ അഫ്ഗാനെതിരായ മത്സരത്തിൽ 5 സിക്സറുകളാണ് രോഹിത് പറത്തിയത്. ഇതോടെ മൂന്ന് ഫോർമാറ്റുകളിലുമായി രോഹിത് എന്ന വലം കയ്യൻ ബാറ്റർ പറത്തിയത് 556 സിക്സറുകളായി. ഇതോടെ 553 സിക്സറുകൾ പറത്തിയ ഗെയ്ലിന്റെ റെക്കോർഡ് പഴങ്കഥയായി. 'യൂണിവേഴ്സ് ബോസ് എന്നും യൂണിവേഴ്സ് ബോസ് ആണ്. അവന്റെ പുസ്തകത്തിൽ നിന്ന ഒരു ഏട് ഞാൻ എടുത്തു. വർഷങ്ങളായി ഞങ്ങൾ അയാളെ കാണുന്നു. എവിടെ കളിച്ചാലും സിക്സ് അടിക്കും. ഞങ്ങൾ ഒരേനമ്പർ ജഴ്സി ധരിക്കുന്നു. ഞാൻ റെക്കോർഡ് തകർത്തതിൽ അയാൾ സന്തോഷവാനാണെന്ന് എനിക്കുറപ്പുണ്ട്' - രോഹിത് പറഞ്ഞു.
സിക്സ് അടിക്കുന്നതിനായി തന്റെ കഴിവ് മെച്ചപ്പെടുത്താൻ ഏറെ അദ്ധ്വാനിച്ചിട്ടുണ്ടെന്നും രോഹിത് പറഞ്ഞു. ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോൾ ഇത്രയധികം സിക്സറുകൾ അടിക്കാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. തന്റെ കരിയറിൽ താൻ തൃപ്തനാണ്. റെക്കോർഡ് മറികടക്കാനായത് തനിക്ക് ചെറിയ ഒരു സന്തോഷനിമിഷമാണെന്നു രോഹിത് പറഞ്ഞു.
സിക്സറുകളുടെ എണ്ണത്തിൽ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രിദിയാണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലന്റ് താരം ബ്രണ്ടൻ മക്കല്ലം, മാർട്ടിൻ ഗപ്റ്റിൽ എന്നിവരാണ് ആദ്യ അഞ്ചിൽ ഉളളത്. രോഹിതിനെ കൂടാതെ ആദ്യപത്തിൽ ഇടംപിടിച്ച ഇന്ത്യൻ താരം എംഎസ് ധോനിയാണ്.
അഫ്ഗാനെതിരായ മികച്ച പ്രകടനത്തോടെ ലോകകപ്പിൽ കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമായും രോഹിത് മാറി. ഇന്ത്യൻ താരം സച്ചിനെയാണ് രോഹിത് മറികടന്നത്. ഇതോടെ ലോകകപ്പിൽ ഏഴ് സെഞ്ച്വറി രോഹിത് തന്റെ പേരിൽ കുറിച്ചു.
















© Copyright 2025. All Rights Reserved