
രോഗത്തിനും ദുരിതങ്ങൾക്കുമപ്പുറമുള്ളതാണ് ദൈവത്താൽ സ്നേഹിക്കപ്പെടുന്ന മനുഷ്യന്റെ മൂല്യമെന്നും, പ്രതിസന്ധികളിലും ബുദ്ധിമുട്ടുകളിലും പോലും പ്രത്യാശയുടെ ക്രൈസ്തവസന്ദേശം പരത്താനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും ലിയോ പതിനാലാമൻ പാപ്പാ. സെപ്റ്റംബർ 27 ഞായറാഴ്ച ലൂർദ്ദിൽ ഒത്തുചേർന്ന ജനസാഗരത്തിനൊപ്പം വിശുദ്ധ ബലിയർപ്പിക്കവേ, അനുതാപത്തിന്റെയും പ്രാർത്ഥനയുടെയും വിശ്വാസസാക്ഷ്യത്തിന്റെയും പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.
പരിശുദ്ധ അമ്മയുടെ ഭവനത്തിലേക്ക് ലോകത്തിന്റെ വിവിധയിടങ്ങളിൽനിന്ന് തങ്ങളുടെ ബുദ്ധിമുട്ടുകൾ അതിജീവിച്ചും, ജീവിതത്തിലെ സന്തോഷങ്ങളും ദുരിതങ്ങളും പേറിയും എത്തിയ തീർത്ഥാടകരായ നിങ്ങളിൽ, സർവ്വത്രികസഭയുടെ മുഖമാണ് താൻ ദർശിക്കുന്നതെന്ന പ്രസ്താവനയോടെയായിരുന്നു, സെപ്റ്റംബർ 27 ഞായറാഴ്ച ഉച്ചയ്ക്ക് ലൂർദ്ദിലെ തീർത്ഥാടനകേന്ദ്രത്തിൽ അർപ്പിച്ച വിശുദ്ധ ബലിമദ്ധ്യേ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. ഫ്രാൻസിലെ വിവിധ രൂപതകളിൽനിന്നും പ്രവിശ്യകളിൽനിന്നും എത്തിയ തീർത്ഥാടകരുടെ ഭവനങ്ങളിലും ഇടവകകളിലും വിശ്വാസത്തിന്റെ ജ്വാല വീണ്ടും തെളിയട്ടെയെന്ന് ആശംസിച്ച പാപ്പാ, ലൂർദ്ദിന്റെ ആശ്വാസം മറ്റുള്ളവരിലേക്ക് എത്തിക്കാൻ എല്ലാവരെയും ആഹ്വാനം ചെയ്തു.
ഈ ഞായറാഴ്ചയിലെ സുവിശേഷവായനയിൽ വിശ്വാസത്തിന്റെയും അനുതാപത്തിന്റെയും ആവശ്യം എടുത്തുകാണിച്ചുകൊണ്ട് യേശു പറയുന്ന രണ്ടു പുത്രന്മാരുടെ ഉപമ (മത്തായി 21, 28-32), ലൂർദ്ദിന്റെ കൂടി പശ്ചാത്തലത്തിൽ പരാമർശിച്ച പാപ്പാ, ഇത് പരിവർത്തനത്തിനുള്ള ഒരു വിളിയാണെന്ന് ഉദ്ബോധിപ്പിച്ചു. മനുഷ്യന്റെ നാശമല്ല ദൈവം ആഗ്രഹിക്കുന്നതെന്നും, തെറ്റിദ്ധാരണകൾക്കിടം നൽകാത്തവിധം, മനസാന്തരത്തിലേക്കാണ് അവൻ ക്ഷണിക്കുന്നതെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. നാം തിന്മയുടെ മാർഗ്ഗം ഉപേക്ഷിച്ച് ദൈവത്തിലേക്ക് മടങ്ങാനും, യാഥാർത്ഥവും നിത്യവുമായ ജീവൻ സ്വന്തമാക്കണമെന്നുമാണ് ദൈവം ആഗ്രഹിക്കുന്നത്. മാനസാന്തരം നാളത്തേക്ക് മാറ്റിവയ്ക്കാനുള്ള ഒന്നല്ലെന്നും, ഇന്നുതന്നെയാണ് രക്ഷയുടെ സമയമെന്നും പാപ്പാ പ്രസ്താവിച്ചു.
ലൗകികജീവിതത്തിലെ സന്തോഷവും ഭൗതികസൗഖ്യവും താൽക്കാലികവും പരിമിതവുമാണെന്നും, ദൈവം വാഗ്ദാനം ചെയ്യുന്ന നിത്യജീവിതമാണ് യഥാർത്ഥ പ്രത്യാശയുടെ അടിസ്ഥാനമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ഇന്നത്തെ സമൂഹം പുരോഗതിയെയും ഭൗതിക ക്ഷേമത്തെയും പ്രധാനപ്പെട്ടവയായി കാണുമ്പോൾ നിത്യജീവിതത്തിലേക്കുള്ള മനുഷ്യന്റെ വിളി മറന്നുപോകാനുള്ള സാധ്യതയുണ്ടെന്ന് പാപ്പാ മുന്നറിയിപ്പ് നൽകി.
രോഗം, വേദന, വാർദ്ധക്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മനുഷ്യജീവന്റെ മൂല്യം പുനർനിർവചിക്കാൻ ശ്രമങ്ങൾ നടക്കുന്ന ഇക്കാലത്ത് ലൂർദ്ദ് ക്രൈസ്തവ പ്രത്യാശയുടെ കേന്ദ്രമായാണ് നിലകൊള്ളുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. നിങ്ങളുടെ ഊന്നുവടികളോ വീൽചെയറുകളോ, കണ്ണീരോ, രോഗങ്ങളോ, ശാരീരിക ദൗർബല്യങ്ങളോ തടസ്സങ്ങളായല്ല ഇവിടെ കാണാക്കപ്പെടുന്നതെന്നും, അവയെക്കൂടി ഉൾപ്പെടുത്തി നിങ്ങൾ പരിഗണിക്കപ്പെടുകയും, ദൈവത്തിന്റെ അനന്തമായ സ്നേഹത്താൽ രൂപാന്തരീകരിക്കപ്പെടുകയും ചെയ്യുന്ന ഇടമാണിതെന്നും പാപ്പാ പ്രസ്താവിച്ചു.
ക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെയും ഉയിർപ്പിലൂടെയും നമുക്ക് നിത്യജീവനെക്കുറിച്ചുള്ള ഉറച്ചതും ശക്തവുമായ വാഗ്ദാനമാണ് നല്കപ്പെട്ടിരിക്കുന്നതെന്നും, മാമ്മോദീസയിലൂടെ ദൈവകൃപ മനുഷ്യജീവിതത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. എന്നാൽ ഈ കൃപ സ്വീകരിക്കുന്നതിൽ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ഉത്തരവാദിത്വത്തിനും വലിയ സ്ഥാനമുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, നാം സ്വാതന്ത്രരായിരിക്കണമെന്നതാണ് ദൈവം ആഗ്രഹിക്കുന്നതെന്നും, ഇത് സ്നേഹത്തിന്റെ ഒരു പ്രധാന വ്യവസ്ഥയാണെന്നും പ്രസ്താവിച്ചു. പാപമാണ് ദൈവകൃപയെയും നിത്യജീവിതത്തെയും തടസ്സപ്പെടുത്തുന്ന പ്രധാന ഘടകമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, പരിശുദ്ധ അമ്മയെപ്പോലെ, ക്രിസ്തുവിന്റെ ഹിതത്തിനുള്ള സമ്മതമേകൽ ജീവിതകാലം മുഴുവൻ പുതുക്കിക്കൊണ്ടിരിക്കേണ്ട ഒന്നാണെന്ന് പ്രസ്താവിച്ചു.
ലൂർദ്ദിൽ പരിശുദ്ധ അമ്മ മുന്നോട്ടുവയ്ക്കുന്ന അനുതാപത്തിനുള്ള ക്ഷണം പരാമർശിച്ച പാപ്പാ, ഇത് നമ്മുടെ മാത്രം മാറ്റത്തിനായുള്ള പശ്ചാത്താപമല്ല, പാപികൾക്കുവേണ്ടിയും, തിന്മയിലൂടെ നടക്കുന്ന ലോകത്തിനും വേണ്ടിയുള്ള പശ്ചാത്താപമാണെന്ന് ഓർമ്മിപ്പിച്ചു. ലോകത്തെ മാറ്റാനുള്ള ശ്രമം ആദ്യം സ്വന്തം ഹൃദയത്തിന്റെ പരിവർത്തനത്തിൽ നിന്നുതന്നെ ആരംഭിക്കണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
പശ്ചാത്താപം ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രവർത്തിയാണെന്ന് പരിശുദ്ധ പിതാവ് പ്രസ്താവിച്ചു. ഈ പരിവർത്തനത്തിന്റെ ആവശ്യകത സഭയ്ക്കും ബാധകമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, സഭ തന്റെ തന്നെ തെറ്റുകളും അവിശ്വസ്തതകളും വേദനാജനകമായ വീഴ്ചകളും വിനയത്തോടെ അംഗീകരിച്ച് കർത്താവിന്റെ ശുദ്ധീകരിക്കുന്ന നോട്ടത്തിന് മുന്നിൽ നിൽക്കേണ്ടതുണ്ടെന്ന് ഉദ്ബോധിപ്പിച്ചു. സ്വന്തം തെറ്റുകൾ അംഗീകരിക്കുന്നത് ആത്മീയ വളർച്ചയ്ക്ക് അനിവാര്യമാണെന്ന വിശുദ്ധ അഗസ്റ്റിന്റെ ചിന്തയും പരിശുദ്ധ പിതാവ് ഉദ്ധരിച്ചു.
തനിക്ക് മുന്നിലുണ്ടായിരുന്ന രോഗികളെ പ്രത്യേകമായി അഭിസംബോധന ചെയ്ത പാപ്പാ, അവരുടെ വേദനയും സഹനവും ക്രിസ്തുവിന്റെ പീഡാനുഭവത്തോട് ഐക്യപ്പെടുത്തി മറ്റുള്ളവരുടെ രക്ഷയ്ക്കായി സമർപ്പിക്കാനാകട്ടെയെന്ന് ആശംസിച്ചു. ഈയൊരർത്ഥത്തിൽ രോഗികൾ സഭയുടെ പാർശ്വങ്ങളിലല്ല, മദ്ധ്യത്തിലാണുള്ളതെന്നും, നിങ്ങളുടേത് പകരം വയ്ക്കാനാകാത്ത പങ്കാണെന്നും പാപ്പാ പ്രസ്താവിച്ചു.
ലൂർദിലേക്ക് എത്തിയതുപോലെയല്ല, പ്രത്യാശയുടെ മിഷനറിമാരായി വേണം നിങ്ങൾ മടങ്ങേണ്ടതെന്ന് തനിക്ക് മുന്നിലുണ്ടായിരുന്ന വിശ്വാസിസമൂഹത്തോട് പറഞ്ഞ പാപ്പാ, സ്വന്തം വീടുകളിലും ഇടവകകളിലും രാജ്യങ്ങളിലും ദൈവികമായ ആർദ്രതയുടെയും ശക്തിയുടെയും സാക്ഷികളായിത്തീരാൻ ഏവരെയും ക്ഷണിച്ചു. രോഗികളായ മനുഷ്യരുടെ പ്രാർത്ഥനകളുടെയും പരിശുദ്ധ അമ്മയുടെ സ്നേഹത്തിന്റെയും പിൻബലത്തിൽ പ്രത്യാശയോടെ മുന്നോട്ട് പോകാനും പാപ്പാ എല്ലാവരോടും ആവശ്യപ്പെട്ടു. ലോകത്തിന്റെ കൊടുങ്കാറ്റുകളെ ഭയപ്പെടാതെ, മറിയത്തിന്റെ മാതൃസംരക്ഷണത്തിൽ വിശ്വാസത്തോടെ മുന്നോട്ട് പോകാനും ക്രിസ്തുവിന്റെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പ്രത്യാശയുടെയും സാക്ഷികളാകാനും ലിയോ പതിനാലാമൻ പാപ്പാ ഏവരെയും ക്ഷണിച്ചു.
















© Copyright 2025. All Rights Reserved