
രാജ്യത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച നീറ്റ് യു.ജി പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ ഒരുക്കങ്ങൾ വിലയിരുത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇന്ന് രാജ്യവ്യാപകമായി മോക്ക് ഡ്രിൽ നടത്തും. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും സുരക്ഷയും പൂർണ്ണമായും ഉറപ്പുവരുത്തുക എന്നതാണ് ഈ മോക്ക് ഡ്രില്ലിലൂടെ എൻ.ടി.എ ലക്ഷ്യമിടുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകുന്നേരം അഞ്ചേകാൽ വരെയാണ് നീറ്റ് പുനഃപരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വൈകുന്നേരം ആറേ ഇരുപത് വരെ പരീക്ഷ എഴുതാൻ പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ അഞ്ഞൂറ്റി അൻപത്തിയൊന്ന് നഗരങ്ങളിലും വിദേശത്തെ പതിനാല് നഗരങ്ങളിലുമായി സജ്ജീകരിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. ഇരുപത്തിരണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് നാളെ നടക്കുന്ന നീറ്റ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത്. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വൻ ക്രമക്കേടുകൾ തടയാൻ ഇത്തവണ വളരെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായി പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ സഹായവും തേടിയിട്ടുണ്ട്. ജില്ല ഭരണകൂടങ്ങൾക്കും പോലീസ് സേനയ്ക്കുമാണ് അതത് കേന്ദ്രങ്ങളിലെ സുരക്ഷാ ചുമതല പൂർണ്ണമായും നൽകിയിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിന്റെ സുഗമമായ ഏകോപനത്തിനായി അറുന്നൂറ്റി എഴുപത്തിനാല് സിറ്റി കോർഡിനേറ്റർമാരെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. കൂടാതെ പരീക്ഷാ കേന്ദ്രങ്ങളിൽ സ്വതന്ത്ര നിരീക്ഷണം നടത്താൻ ആറായിരത്തിലധികം ഒബ്സർവർമാരെയും നിയോഗിച്ചു. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ രണ്ട് ലക്ഷത്തിലധികം ഉദ്യോഗസ്ഥരാണ് പരീക്ഷാ ഡ്യൂട്ടിക്കായി രാജ്യത്തുടനീളം നിയോഗിക്കപ്പെട്ടിരിക്കുന്നത്. അഡ്മിറ്റ് കാർഡുകൾ സംബന്ധിച്ചുള്ള വിവരങ്ങളും മറ്റ് സുപ്രധാന അറിയിപ്പുകളും വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പ് വഴി ലഭ്യമാക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് അധ്യാപകർക്കും ജീവനക്കാർക്കും നീറ്റ് പരീക്ഷാ ദിവസങ്ങളിൽ അവധി നൽകരുതെന്നും നിർദ്ദേശമുണ്ട്. പരീക്ഷ നൂറ് ശതമാനം പിഴവുകളില്ലാതെ പൂർത്തിയാക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും എൻ.ടി.എയും ഈ മോക്ക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്.
















© Copyright 2025. All Rights Reserved