
നോർത്തേൺ അയർലൻഡിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ 'ഇന്ത്യൻ നഴ്‌സസ് നെറ്റ്‌വർക്ക് എൻഐ'യുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 3 ശനിയാഴ്ച) ബെൽഫാസ്റ്റിൽ നടക്കും. നോർത്തേൺ അയർലൻഡ് മുൻ ആരോഗ്യമന്ത്രിയാണ് ഈ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. നഴ്സുമാരെ തമ്മിൽ ബന്ധിപ്പിക്കുക, പുതിയ ലീഡർമാരെ വാർത്തെടുക്കുക, മികച്ച ഭാവി രൂപപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ വിപുലമായ ഉദ്ഘാടന പരിപാടി ഒരുക്കിയിരിക്കുന്നത്. നഴ്സുമാർക്ക് ഏറെ പ്രയോജനപ്രദമാകുന്ന വിവിധ സെഷനുകളാണ് ഇന്നത്തെ പരിപാടിയുടെ ഭാഗമായി നടക്കുക. നിപെക് , എൻ.എം.സി തുടങ്ങി വിവിധ പ്രൊഫഷണൽ സംഘടനകളുടെ ഇൻഫർമേഷൻ സ്റ്റാൻഡുകളും പ്രൊഫഷണൽ എക്സിബിഷനുകളും വേദിയിലുണ്ടാകും. ആർ.സി.എൻ, യൂണിസെൻ തുടങ്ങിയവയുടെ പ്രതിനിധികളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. നഴ്സുമാരുടെ കരിയർ വളർച്ചയ്ക്ക് ഉതകുന്ന ഇന്ററാക്ടീവ് വർക്ക് ഷോപ്പുകളും കരിയർ പ്രോഗ്രഷൻ സെഷനുകളും ഇന്നത്തെ ചടങ്ങിന്റെ മുഖ്യ ആകർഷണമാണ്. പരിപാടിയിൽ പങ്കെടുക്കുന്ന നഴ്സുമാർക്ക് സി.പി.ഡി പോയിന്റുകൾ ലഭ്യമാകും. ഇതിനുപുറമെ കോംപ്ലിമെന്ററി ലഞ്ചും റിഫ്രഷ്മെന്റും സംഘാടകർ ഒരുക്കിയിട്ടുണ്ട്. നഴ്സുമാർക്കും അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമാണ് പരിപാടിയിലേക്ക് പ്രവേശനമുള്ളത്. സംഘടനയിൽ പുതിയതായി അംഗത്വമെടുക്കാൻ താത്പര്യമുള്ളവർക്ക് വേദിയിൽ നൽകിയിട്ടുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്യാവുന്നതാണ്. ഏവരുടെയും സാന്നിധ്യം ഈ ചടങ്ങിനെ അവിസ്മരണീയമാക്കുമെന്നും എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചിരുന്നു. യുകെയിലെ ആരോഗ്യമേഖലയിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഇന്ത്യൻ നഴ്സുമാർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ് ഈ പുതിയ കൂട്ടായ്മ. ഒത്തൊരുമയോടെ പ്രവർത്തിക്കാൻ ഈ പുതിയ സംഘടനാ സംവിധാനം നഴ്സുമാരെ സഹായിക്കും. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ നഴ്സുമാരുടെ വലിയൊരു കുടിയേറ്റം നോർത്തേൺ അയർലൻഡിലേക്ക് ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ ഈ സംഘടനയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
















© Copyright 2025. All Rights Reserved