
ലണ്ടൻ: ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടനിലെത്തിയ കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥിന് ലണ്ടൻ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുക്മയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി.
യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ ലണ്ടൻ റീജിയണൽ കോർഡിനേറ്റർ ശ്രീ. എബ്രഹാം പൊന്നുംപുരയിടം, മലബാർ ഫുഡ്സ് ഡയറക്ടർ ഷംജിത്ത് എർത്താലിൽ എന്നിവർ ചേർന്നാണ് മന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.
ലണ്ടനിൽ നവംബർ 3, 4, 5 തീയതികളിലായി നടക്കുന്ന അന്താരാഷ്ട്ര ടൂറിസം പ്രദർശനമായ വേൾഡ് ട്രാവൽ മാർക്കറ്റ് (WTM London 2026)-ൽ പങ്കെടുക്കുന്നതിനായാണ് മന്ത്രി ബ്രിട്ടനിലെത്തിയത്. ലോക ടൂറിസം മേഖലയിലെ പ്രമുഖർ, വിവിധ രാജ്യങ്ങളിലെ ടൂറിസം പ്രതിനിധികൾ, ട്രാവൽ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനങ്ങൾ എന്നിവർ പങ്കെടുക്കുന്ന വേൾഡ് ട്രാവൽ മാർക്കറ്റ്, അന്താരാഷ്ട്ര ടൂറിസം മേഖലയിലെ ശ്രദ്ധേയമായ വേദികളിലൊന്നാണ്.
വേൾഡ് ട്രാവൽ മാർക്കറ്റിലെ പരിപാടികൾക്കുശേഷം നവംബർ 7 ശനിയാഴ്ച, ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാമിൽ നടക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മന്ത്രി പി. സി. വിഷ്ണുനാഥ് മുഖ്യാതിഥിയായി പങ്കെടുക്കുകയും കലാമേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും.
ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിൽ, പ്രത്യേകം സജ്ജീകരിക്കുന്ന സലിംകുമാർ നഗറിലാണ് ഇത്തവണത്തെ ദേശീയ കലാമേള അരങ്ങേറുന്നത്. യുക്മ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന കലാമേളയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് കലാപ്രതിഭകൾ മാറ്റുരയ്ക്കും.
ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന നൂറ്റി അറുപതിലേറെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ സംഘടിപ്പിക്കുന്ന ദേശീയ കലാമേള, ആഗോള പ്രവാസി മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കലാസാംസ്കാരിക ആഘോഷങ്ങളിലൊന്നാണ്.
കേരളത്തിന്റെ തനതായ കലാരൂപങ്ങളും ഭാഷയും സംസ്കാരവും പ്രവാസലോകത്തെ പുതുതലമുറയിലേക്ക് പകർന്നുനൽകുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ദേശീയ കലാമേളയിൽ കേരള സാംസ്കാരിക വകുപ്പ് മന്ത്രിയുടെ സാന്നിധ്യം ഏറെ പ്രാധാന്യമർഹിക്കുന്നു.
ബ്രിട്ടനിലെത്തിയ മന്ത്രിയെ നേരിട്ട് സ്വീകരിക്കാനായതിൽ സന്തോഷമുണ്ടെന്നും നവംബർ 7ന് നടക്കുന്ന യുക്മ ദേശീയ കലാമേളയിലേക്ക് മന്ത്രിയെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായും യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.
കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പ്രവാസി മലയാളികളുടെ കലാപ്രതിഭയും ഒരേ വേദിയിൽ സംഗമിക്കുന്ന ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് യുക്മ ദേശീയ നേതൃത്വം അറിയിച്ചു.
നവംബർ 7ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ നടക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയിലേക്ക് യുകെയിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും കലാപ്രേമികളെയും യുക്മ ദേശീയ സമിതി ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
















© Copyright 2025. All Rights Reserved